ശ്രീലങ്കയ്ക്കെതിരായ ടി20 പരന്പര നേടി ന്യൂസിലൻഡ്
Monday, December 30, 2024 4:32 PM IST
വെല്ലിംഗ്ടൺ: ശ്രീലങ്കയ്ക്കെതിരായ ടി20 പരന്പര സ്വന്തമാക്കി ന്യൂസിലൻഡ്. ഇന്ന് നടന്ന രണ്ടാം മത്സരത്തിലും വിജയിച്ചതോടെയാണ് കിവീസ് മൂന്ന് മത്സരങ്ങളുടെ പരന്പര നേടിയത്.
രണ്ടാം മത്സരത്തിൽ 45 റൺസിനാണ് കിവീസ് വിജയിച്ചത്. ന്യൂസിലൻഡ് ഉയർത്തിയ 187 റൺസ് പിന്തുടർന്ന ശ്രീലങ്ക 141 റൺസിന് പുറത്തായി. 48 റൺസെടുത്ത കുശാൽ പെരേരയ്ക്ക് മാത്രമാണ് ലങ്കൻ നിരയിൽ തിളങ്ങാനായത്. പതും നിസംഗ 37ഉം നായകൻ ചരിത് അസലങ്ക 20 ഉം റൺസെടുത്തു.
ന്യൂസിലൻഡിന് വേണ്ടി ജേക്കബ് ഡഫി നാല് വിക്കറ്റുകൾ വീഴ്ത്തി. മാറ്റ് ഹെന്റിയും മിച്ചൽ സാന്റ്നറും രണ്ട് വിക്കറ്റ് വീതം എടുത്തു. സകറി ഫോൽക്സും മൈക്കൽ ബ്രെയ്സ്വെല്ലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 186 റൺസ് എടുത്തത്. ടിം റോബിൻസണിന്റെയും മാർക്ക് ചാപ്മാന്റെയും മിച്ചൽ ഹേയുടെയും മികവിലാണ് കിവീസ് മികച്ച സ്കോർ നേടിയത്. റോബിൻസണും ഹേയും 41 റൺസും ചാപ്മാൻ 42 റൺസും എടുത്തു.
ശ്രീലങ്കയ്ക്ക് വേണ്ടി വനിന്ദു ഹസരങ്ക രണ്ടും നുവാൻ തുഷാരയും മതീഷ പതിരണയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ന്യൂസിലൻഡ് താരം ഡാരൽ മിച്ചൽ റൺ ഔട്ടായി.
മിച്ചൽ ഹേയാണ് മത്സരത്തിലെ താരം. ശനിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു.