ഇപിയുടെ ആത്മകഥാ ചോര്‍ച്ച; ഡിസി ബുക്സിന്റെ മുന്‍ പബ്ലിക്കേഷന്‍ വിഭാഗം മേധാവിക്കെതിരേ കേസെടുക്കും
Monday, December 30, 2024 3:28 PM IST
കോട്ടയം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ ആത്മകഥ ചോര്‍ന്ന സംഭവത്തില്‍ കേസെടുക്കാന്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിന്റെ നിര്‍ദേശം. നിലവിലെ പരാതിയില്‍ കേസെടുക്കാമെന്ന് കോട്ടയം എസ്പിക്ക് എഡിജിപി നിര്‍ദേശം നല്കി.
ഡിസി ബുക്സിന്റെ മുന്‍ പബ്ലിക്കേഷന്‍ വിഭാഗം മേധാവി ശ്രീകുമാറിനെതിരേ വഞ്ചനാക്കുറ്റത്തിന് കേസെടുക്കും. ഡിസി ബുക്സിൽ നിന്നും ശ്രീകുമാർ ആത്മകഥ ചോർത്തിയെന്നായിയുന്നു കോട്ടയം എസ്പിയുടെ കണ്ടെത്തൽ.
വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിവസമാണ് ഇപിയുടെ ആത്മകഥ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. എന്നാൽ ഇത് തന്റെ ആത്മകഥയല്ലെന്ന് ഇ.പി പരസ്യ നിലപാടെടുത്തു. ഇപിയുടെ പരാതിയിൽ കോട്ടയം എസ്പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന കണ്ടെത്തൽ. പക്ഷെ ഇപിയുടെ ആത്മകഥാ ഭാഗം ഇ.പി അറിയാതെ എങ്ങനെ ഡിസിയിൽ എത്തി എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.