സ്വകാര്യബസിൽനിന്ന് ആളിറങ്ങുന്നതിനിടെ ഇടതുവശത്തുകൂടി ഓവർടേക്കിംഗ്: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ നടപടി
Monday, December 30, 2024 2:28 PM IST
പള്ളിക്കത്തോട്: അപകടകരമായ രീതിയില്‍ ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ വകുപ്പുതല നടപടി ഉണ്ടായേക്കും. പൊന്‍കുന്നം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ രാജേഷ് കുമാറാണ് അപകടകരമായ രീതിയില്‍ ബസ് ഓടിച്ചത്. ഇയാള്‍ക്കെതിരേ പള്ളിക്കത്തോട് പോലീസ് കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരം ആറിന് 18ാം മൈല്‍ പെട്രോള്‍ പമ്പിനു മുന്‍വശത്ത് സ്വകാര്യബസിനെ ഇടതുവശത്തുകൂടി അപകടകരമായരീതിയില്‍ ഓവര്‍ടേക്ക് ചെയ്യുകയായിരുന്നു. സ്വകാര്യബസ് 18ാം മൈലില്‍ നിര്‍ത്തി യാത്രക്കാരിയെ ഇറക്കുന്ന സമയത്താണ് കെഎസ്ആർടിസി ബസ് ഇടതുവശത്തുകൂടി കടന്നുപോയത്.
കെഎസ്ആര്‍ടിസി ബസ് വരുന്നതുകണ്ട് സ്വകാര്യബസിന്റെ ഡോറിനോടു ചേര്‍ന്നുനിന്നതുകൊണ്ട് മാത്രമാണ് അപകടത്തില്‍നിന്നു യുവതി രക്ഷപ്പെട്ടത്. സംഭവം സമീപത്തെ പെട്രോള്‍ പമ്പിന്റെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിച്ചതു ശ്രദ്ധയില്‍പ്പെട്ട കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനില്‍കുമാറിന്റെ നിര്‍ദ്ദേശാനുസരണം പള്ളിക്കത്തോട് എസ്എച്ച്ഒ കെ.പി. ടോംസണ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോലീസിന്റെ വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും ഡ്രൈവര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കുന്നത്.
മാറാനാത്ത എന്ന സ്വകാര്യബസും കെഎസ്ആർടിസി ബസും മത്സരയോട്ടം നടത്തുകയും കെഎസ്ആർടിസി ബസിനെ കടത്തിവിടാതിരിക്കുന്നതിനുവേണ്ടി റോഡ് സൈഡിൽ ആവശ്യത്തിന് വീതി ഉണ്ടായിരുന്നിട്ടും സ്വകാര്യബസ് നടുറോഡിൽ നിർത്തി ആളെ ഇറക്കുകയായിരുന്നു.
ഇങ്ങനെ വാഹനം നിർത്തി ആളെ ഇറക്കിയ സ്വകാര്യ ബസ് ഡ്രൈവറായ സിബിക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കെകെ റോഡിൽ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കുന്നതിന് കർശനമായ പോലീസ് പരിശോധന ഉണ്ടായിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസ് പറഞ്ഞു.