നടൻ ദിലീപ് ശങ്കറിന്റെ മരണകാരണം ആന്തരിക രക്തസ്രാവം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
Monday, December 30, 2024 1:48 PM IST
തിരുവനന്തപുരം: ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടൻ ദിലീപ് ശങ്കറിന്റെ മരണ കാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കരൾ രോഗത്തെ തുടർന്നുള്ള രക്ത സ്രാവമോ, നിലത്ത് വീണുണ്ടായ ക്ഷതമോ ആകാമെന്നാണ് നിഗമനം. മൃതദേഹം അഴുകിയ നിലയിലായതിനാൽ രാസകെമിക്കൽ പരിശോധ ഫലം വന്നാൽ മാത്രമേ കൃത്യമായ കാരണം അറിയാനാകൂ.
അതേസമയം ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. ദിലീപ് ശങ്കർ മുറിയിൽ തലയിടിച്ച് വീണെന്നും ഇതുമൂലം ഉണ്ടായ ആന്തരിക രക്തസ്രാവം ആകാം മരണത്തിലേക്ക് നയിച്ചതെന്നുമായിരുന്നു പോലീസ് നിഗമനം.
ഞായറാഴ്ചയാണ് തിരുവനന്തപുരം വാൻറോസ് ജംഗ്ഷനിലെ സ്വകാര്യ ഹോട്ടലിൽ ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സീരിയൽ അഭിനയത്തിനായാണ് ദിലീപ് ഹോട്ടലിൽ മുറിയെടുത്തത്. മൃതദേഹത്തിന് രണ്ടു ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടൽ ജീവനക്കാരുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയിരുന്നു. ഫോറൻസിക് സംഘം മുറിയിൽ നടത്തിയ വിശദമായ പരിശോധനയിൽ അസ്വാഭാവികത ഒന്നും കണ്ടെത്താനായിരുന്നില്ല. കരൾ രോഗത്തിനുള്ള മരുന്ന് ഈ മുറിയിൽ നിന്ന് കണ്ടെത്തിയിരുന്നു.