യോഗിയുടെ വസതിക്കു താഴെ ശിവലിംഗമുണ്ട്, അവിടെയും കുഴിക്കണം: അഖിലേഷ്
Monday, December 30, 2024 1:14 PM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ സംഭാലിൽ നടക്കുന്ന ഖനന പ്രവർത്തനങ്ങളിൽ യോഗി ആദിത്യനാഥ് സർക്കാരിനെ വിമർശിച്ചും പരിഹസിച്ചും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ വസതിക്ക് താഴെയും ഒരു ശിവലിംഗം ഉണ്ടെന്നു വിശ്വസിക്കുന്നതായും അവിടെയും ഖനനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
"ശിവലിംഗം അവിടെ ഉണ്ടെന്നു ഞങ്ങൾക്ക് വിശ്വാസമുണ്ട്. എല്ലാവരും ഖനനത്തിന് തയാറാകണം. മാധ്യമങ്ങൾ ആദ്യം പോകണം. അതിനുശേഷം ഞങ്ങളും വരും' അഖിലേഷ് യാദവ് പറഞ്ഞു. സംഭാൽ ജില്ലയിൽ നടക്കുന്ന ഉത്ഖനന പ്രവർത്തനങ്ങൾ ഒമ്പതു ദിവസം പിന്നിട്ട സാഹചര്യത്തിൽ പത്രസമ്മേളനത്തിലായിരുന്നു അഖിലേഷിന്റെ പരാമർശം.
സംഭാലിൽ നടത്തിയ സർവേയിൽ ക്ഷേത്രവും കിണറും കണ്ടെത്തിയതിനു പിന്നാലെയാണു ഖനനം തുടങ്ങിയത്. അതേ പ്രദേശത്ത് പുരാതനമായ ഒരു ബങ്കെ ബിഹാരി ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു.