ഉമാ തോമസിന് പരിക്കേറ്റ സംഭവം; സ്റ്റേജ് നിര്‍മാണത്തില്‍ പിഴവുണ്ടായെന്ന് പോലീസ്
Monday, December 30, 2024 12:50 PM IST
കൊച്ചി: ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ സ്റ്റേജ് നിര്‍മാണത്തിലും സംഘാടനത്തിലും പിഴവുണ്ടായെന്ന് കൊച്ചി ഡിസിപി കെ.സുദര്ശന്.വിശദമായ പരിശോധനകള്‍ക്ക് ശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നൃത്ത പരിപാടി നടത്തിയതിന് സംഘാടകർക്കെതിരെയാണ് കേസെടുത്തത്.
സ്റ്റേജ് നിർമാണ കരാറുകാർക്കെതിരെയും എഫ് ഐആർ രജിസ്റ്റർ ചെയ്തു. ശനിയാഴ്ച രാത്രി തന്നെ കമ്മീഷണറുടെ നേതൃത്വത്തിൽ പോലീസ് അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. 12 അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്റ്റേജിൽ എട്ട് അടി വീതിയിലാണ് കസേരകൾ ഇടാൻ സ്ഥലമൊരുക്കിയത്.
ദുർബലമായ ക്യൂ ബാരിയേർസ് ഉപയോഗിച്ചായിരുന്നു മുകളിൽ കൈവരിയൊരുക്കിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു.