അവസാന ഏഴുവിക്കറ്റ് വീണത് 34 റൺസിനിടെ; മെല്‍ബണില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ, ഓസീസിന് 184 റൺസ് ജയം
Monday, December 30, 2024 12:40 PM IST
മെല്‍ബണ്‍: ഓസ്ട്രേലിയയ്ക്കെതിരായ മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. അവസാനദിനം സമനിലയ്ക്കായി പിടിച്ചുനില്ക്കാൻ പോലും കഴിയാതെ 184 റണ്‍സിനായിരുന്നു ഇന്ത്യ അടിയറവു പറഞ്ഞത്. 340 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ 155ന് പുറത്തായി. സ്കോര്‍: ഓസ്ട്രേലിയ 474 & 234, ഇന്ത്യ 369 & 155.
84 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഋഷഭ് പന്ത് 30 റൺസെടുത്തു. അതേസമയം, കൂട്ടത്തിൽ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല. എക്ട്രാസ് ഇനത്തിൽ ലഭിച്ച 12 റൺസാണ് മൂന്നാമത്തെ ടോപ് സ്കോർ.
ഓസ്ട്രേലിയയ്ക്കു വേണ്ടി മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ പാറ്റ് കമ്മിന്‍സും സ്കോട്ട് ബോളണ്ടുമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്. നഥാന്‍ ലയോൺ രണ്ടുവിക്കറ്റ് വീഴ്ത്തി.
വൻ വിജയലക്ഷ്യം പിന്തുടർന്ന് ക്രീസിലെത്തിയ ഇന്ത്യൻ ഓപ്പണർമാർ കരുതലോടെയാണ് ബാറ്റിംഗ് ആരംഭിച്ചത്. എന്നാല്‍ സ്കോർ 25 റൺസിൽ നില്‍ക്കെ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി. ഒമ്പത് റണ്‍സെടുത്ത ഇന്ത്യൻ നായകനെ പാറ്റ് കമ്മിൻസിന്റെ പന്തിൽ തേര്‍ഡ് സ്ലിപ്പില്‍ മിച്ചല്‍ മാര്‍ഷ് പിടിച്ചുപുറത്താക്കുകയായിരുന്നു.
പിന്നാലെയെത്തിയ കെ.എൽ. രാഹുലിനെ അക്കൗണ്ട് തുറക്കാൻ പോലും അനുവദിക്കാതെ അതേ ഓവറിൽ തന്നെ കമ്മിൻസ് മടക്കി. തുടർന്ന് 29 പന്തിൽ അഞ്ചുറൺസ് മാത്രമെടുത്ത വിരാട് കോഹ്ലിയെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കിയതോടെ ഇന്ത്യ മൂന്നിന് 33 റൺസെന്ന നിലയിലേക്ക് വീണു. തുടർന്ന് ക്രീസിൽ ഒന്നിച്ച യശസ്വി ജയ്സ്വാളും ഋഷഭ് പന്തും ചേർന്ന് ഇന്ത്യയെ കരകയറ്റാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു.
നാലാംവിക്കറ്റിൽ 88 റൺസ് കൂട്ടിച്ചേർത്ത ഇരുവരും ചേർന്ന് കളി സമനിലയിലാക്കുമെന്ന പ്രതീതിയുണ്ടായി. എന്നാല്‍ ചായയ്ക്ക് ശേഷം ഇന്ത്യ വൻ തകർച്ചയെയാണ് നേരിട്ടത്. ഹെഡിന്റെ പന്തില്‍ പുറത്തായി. ക്രീസ് വിട്ടിറങ്ങി അനാവശ്യ ഷോട്ടിന് മുതിര്‍ന്ന പന്ത് മിച്ചല്‍ മാര്‍ഷിന് ക്യാച്ച് നല്കി മടങ്ങി. പിന്നീട് ഇന്ത്യൻ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുന്നതാണ് കണ്ടത്.
പിന്നാലെയെത്തിയ രവീന്ദ്ര ജഡേജ രണ്ടു റൺസുമായി ബോളണ്ടിനു വിക്കറ്റ് നല്കി മടങ്ങി. തുടർന്ന് ആദ്യ ഇന്നിംഗ്സിൽ കന്നിസെഞ്ചുറി നേടിയ നിതീഷ് റെഡ്ഡിയുടെ ഊഴമായിരുന്നു. ഒരു റൺസെടുത്ത താരം ലയണിന്റെ പന്തില്‍ സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നല്കി മടങ്ങി. സ്കോർ 140 റൺസിൽ നില്‍ക്കെ സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന യശസ്വി ജയ്സ്വാളിനെ വിക്കറ്റിനു പിന്നിൽ അലക്സ് കാരിയുടെ കൈരളിലെത്തിച്ച് കമ്മിൻസ് ഇന്ത്യയെ ഞെട്ടിച്ചു. ഇതോടെ ഇന്ത്യ തോൽവി മണത്തു.
പിന്നീട് 15 റൺസ് കൂടിയേ ഇന്ത്യൻ ഇന്നിംഗ്സിന് ആയുസുണ്ടായിരുന്നുള്ളൂ. ആകാശ് ദീപ് (ഏഴ്), ജസ്പ്രിത് ബുമ്ര (പൂജ്യം), മുഹമ്മദ് സിറാജ് (പൂജ്യം) എന്നിവര്‍ പിടിച്ചുനില്ക്കാന് പോലും കഴിയാതെ മടങ്ങിയതോടെ അനിവാര്യമായ അന്ത്യത്തിലേക്ക് ടെസ്റ്റ് എത്തി. 34 റണ്‍സിനിടെയാണ് ഇന്ത്യക്ക് ഏഴ് വിക്കറ്റുകള്‍ നഷ്ടമാകുന്നത്.
ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഓസീന് 2-1ന് മുന്നിലെത്തി. ഇനി സിഡ്നിയിലെ ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്.