ജലാറ്റിൻ സ്റ്റിക്ക് ശരീരത്തിൽ കെട്ടിവച്ചശേഷം സ്ഫോടനം; പെണ്‍സുഹൃത്തിന്റെ വീടിനു മുന്നിൽ ജീവനൊടുക്കി യുവാവ്
Monday, December 30, 2024 12:07 PM IST
ബംഗളൂരു: കർണാടക മാണ്ഡ്യയിൽ ജലാറ്റിൻ സ്റ്റിക്ക് ശരീരത്തിൽ കെട്ടിവച്ചശേഷം സ്ഫോടനം നടത്തി യുവാവ് ജീവനൊടുക്കി. രാമചന്ദ്ര (21)യാണ് ജീവനൊടുക്കിയത്. പെണ്‍സുഹൃത്തിന്റെ വീടിനു മുന്നിലെത്തിയാണ് ഇയാൾ ജീവനൊടുക്കിയത്.
രണ്ട് വർഷമായി ഇയാൾ പെണ്‍സുഹൃത്തുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷം ഇരുവരും ഒളിച്ചോടിയിരുന്നു. എന്നാൽ പെണ്‍കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ഇരുവരെയും പോലീസ് പിടികൂടുകയും രാമചന്ദ്രയ്ക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. പോക്സോ കേസിൽ ഇയാൾ മൂന്ന് മാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.
പിന്നീട് പെണ്‍കുട്ടിയുടെയും രാമചന്ദ്രടെയും വീട്ടുകാർ തമ്മിൽ ഒത്തുതീർപ്പിൽ എത്തുകയും കേസ് പിൻവലിക്കുകയുമായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് രാമചന്ദ്ര പെണ്‍കുട്ടിയുമായി സംസാരിച്ചിരുന്നു. പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്നും ഇയാൾ പെണ്‍കുട്ടിയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം പെണ്‍കുട്ടിയുടെ വീട്ടുകാർ മറ്റൊരു വിവാഹ ആലോചനയുമായി മുന്നോട് പോയി. ഇതിൽ പ്രകോപിതനായാണ് രാമചന്ദ്ര പെണ്‍കുട്ടിയുടെ വീടിനുമുന്നിലെത്തി ജീവനൊടുക്കിയത്.