ഉമാ തോമസ് അപകടനില തരണം ചെയ്തെന്ന് പറയാറായിട്ടില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
Monday, December 30, 2024 11:53 AM IST
കൊച്ചി: ഉമാ തോമസ് എംഎൽഎയുടെ തലച്ചോറിനുണ്ടായ ക്ഷതത്തിന്റെ അവസ്ഥ കൂടുതല്‍ ഗുരുതരമായിട്ടില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. ആന്തരിക രക്തസ്രാവം കൂടിയിട്ടില്ല. എന്നാല്‍ അപകടനില തരണം ചെയ്തെന്ന് പറയാറായിട്ടില്ലെന്ന് റിനെ മെഡിസിറ്റി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നു.
ശ്വാസകോശത്തിലെ ചതവുകള്‍ അല്പം കൂടിയിട്ടുണ്ട്. ഇത് മാറാന്‍ സമയമെടുക്കും. ചതവ് പരിഹരിക്കാന്‍ ആന്റിബയോട്ടിക് ചികിത്സ നല്‍കും.
കൂടുതല്‍ ദിവസം വെന്റിലേറ്ററില്‍ തുടരേണ്ടി വരും. വയറിന്റെ സ്കാനിംഗിൽ കൂടുതല്‍ പ്രശ്നങ്ങളില്ല. ഇപ്പോള്‍ ചെയ്യുന്ന ചികിത്സാരീതി തുടരും.
നേരത്തെ തന്നെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഹൃദയത്തിന് നേരത്തെ തന്നെ സ്റ്റെന്റ് ഇട്ടിട്ടുണ്ട്. അതിന്റെ മരുന്ന് കഴിക്കുന്നത് കൊണ്ടാണ് കൂടുതൽ രക്തസ്രാവം ഉണ്ടായത്. മറ്റ് അവയവങ്ങള്‍ക്ക് ഏറ്റ പരിക്ക് ഭേദമാകുന്ന മുറയ്ക്ക് തലച്ചോറിനേറ്റ പരിക്ക് ഭേദമാവുകയുള്ളുവെന്നും മെഡിക്കൽ സംഘം അറിയിച്ചു.