കൂടിയും കുറഞ്ഞും ഒരുമാസം; തുടങ്ങിയിടത്തു തന്നെയെത്തി സ്വർണവില, വീണ്ടും 57,000 കടന്നു
Monday, December 30, 2024 11:47 AM IST
കൊച്ചി: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം സ്വര്‍ണവില വീണ്ടും മുകളിലേക്ക്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവന് 57,200 രൂപയിലും ഗ്രാമിന് 7,150 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ ഉയർന്ന് 5,905 രൂപയിലെത്തി.
ബുധനാഴ്ച പവന് 80 രൂപയും വ്യാഴാഴ്ച 200 രൂപയും ശനിയാഴ്ച 120 രൂപയും വർധിച്ചിരുന്നു. ഒന്‍പത് ദിവസത്തിനിടെ പവന് രണ്ടായിരത്തോളം രൂപ കുറഞ്ഞ ശേഷമാണ് ഒരാഴ്ചയ്ക്കിടെ 1000 രൂപയോളം ഉയർന്നത്. ശനിയാഴ്ച കുറഞ്ഞ 120 രൂപ ഇന്ന് വീണ്ടും വർധിക്കുകയായിരുന്നു.
ഡിസംബർ ഒന്നിനും ഇതേ വിലയ്ക്കാണ് സ്വർണം വിൽപന നടന്നിരുന്നത്. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20 ന് 56,320 രൂപയായി താഴ്ന്നതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.
രാജ്യാന്തര വിപണിയിലെ വിലവർധനയാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വില കഴിഞ്ഞയാഴ്ചയിലെ ഔൺസിന് 2,620 ഡോളറിൽ നിന്ന് 2,624 ഡോളറിലേക്ക് നേരിയതോതിൽ ഉയർന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.