കിടപ്പുമുറിയിൽ ചാക്കിൽ സൂക്ഷിച്ച കഞ്ചാവുമായി ദമ്പതികൾ അറസ്റ്റിൽ
Monday, December 30, 2024 11:09 AM IST
തിരുവനന്തപുരം: വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ച 18.27 കിലോഗ്രാം കഞ്ചാവുമായി ദമ്പതികൾ അറസ്റ്റിലായി. മലയിൻകീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടകയ്ക്കു താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത് (29), ഭാര്യ മലയം സ്വദേശി സുമ (28) എന്നിവരാണ് പിടിയിലായത്.
കിടപ്പുമുറിയിൽ പ്ലാസ്റ്റിക് ചാക്കിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒരു മാസം മുൻപാണ് പ്രതികൾ വീട് വാടകയ്ക്ക് എടുത്തത്. കഞ്ചാവ് കച്ചവടം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് വീട് പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
പുതുവത്സരാഘോഷം പ്രമാണിച്ച് വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. ബാലരാമപുരം സ്വദേശിയിൽ നിന്നാണ് വിജയകാന്ത് കഞ്ചാവ് വാങ്ങിയതെന്നാണ് സൂചന.