കാട്ടാന ആക്രമണം: അമർ ഇലാഹിക്ക് കണ്ണീരോടെ വിട; മൃതദേഹം കബറടക്കി
Monday, December 30, 2024 10:18 AM IST
ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ മൃതദേഹം കബറടക്കി. രാവിലെ 8.30ന് മുള്ളരിങ്ങാട് ജുമാ മസ്ജിദിൽ പ്രത്യേക പ്രാർഥനകൾക്ക് ശേഷമായിരുന്നു കബറടക്കം.
പുലർച്ചയോടെയാണ് പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി അമറിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ മരിച്ച അമറിന്റെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ അമര്‍ ഇലാഹി (23) മരിച്ചത്. കാടിനോട് ചേര്‍ന്നായിരുന്നു യുവാവിന്റെ വീട്. തേക്കിന് കൂപ്പില് മേയാൻ വിട്ട പശുവിനെ വീട്ടിലേക്ക് കൊണ്ടുവരാനായി പശുവിനെ അഴിക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അമര്‍ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
ഡിഗ്രി പഠനം പൂര്‍ത്തിയാക്കി താത്കാലികമായി ജോലി ചെയ്ത് വരികയായിരുന്നു അമര്‍. ദാരുണമായ സംഭവത്തിനു പിന്നാലെ യുവാവിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
അതേസമയം, കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്.