കാട്ടാന ആക്രമണം; ഇടുക്കി പാക്കേജില്‍നിന്ന് വേലികള്‍ നിര്‍മിക്കുമെന്ന് മന്ത്രി റോഷി
Monday, December 30, 2024 9:45 AM IST
ഇടുക്കി: കാട്ടാന ശല്യം ഒഴിവാക്കാന്‍ ഇടുക്കി പാക്കേജില്‍നിന്ന് വേലികള്‍ നിര്‍മിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇനി ഇത്തരമൊരു സംഭവം ഉണ്ടാകരുത് എന്നുതന്നെയാണ് സർക്കാരും ആഗ്രഹിക്കുന്നത്. ഫെൻസിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുകയെന്നത് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.
ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കും. കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രശ്നത്തിൽ പരിഹാരം കാണും. എല്ലാവരുടേയും പങ്കാളിത്തത്തോടെ ഇക്കാര്യത്തിൽ പരിഹാരം കാണുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.