വീണ്ടും തോൽവിയായി രോഹിതും കോഹ്ലിയും, അർധസെഞ്ചുറിയോടെ ജയ്സ്വാൾ; ഇന്ത്യ പൊരുതുന്നു
Monday, December 30, 2024 9:24 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ മെൽബൺ ടെസ്റ്റില്‍ ബാറ്റിംഗ് തകർച്ച നേരിട്ട് ഇന്ത്യ. 340 റണ്‍സ് വിജയക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് 33 റൺസിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. അവസാന ദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 97 റൺസെടുത്തിട്ടുണ്ട് ഇന്ത്യ. അർധസെഞ്ചുറിയുമായി യശസ്വി ജയ്സ്വാളും (58) 18 റൺസുമായി ഋഷഭ് പന്തുമാണ് ക്രീസിൽ.
നായകൻ രോഹിത് ശർമ (ഒമ്പത്), വിരാട് കോഹ്ലി (അഞ്ച്), കെ.എൽ. രാഹുൽ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 45 ഓവറുകളും ഏഴുവിക്കറ്റും ബാക്കിനില്‍ക്കെ ഇന്ത്യയ്ക്ക് ഇനി ജയിക്കാൻ 243 റൺസ് കൂടി വേണം.
നേരത്തെ, ഒമ്പതിന് 228 എന്ന നിലയില്‍ അവസാന ദിനം ബാറ്റിംഗിനെത്തിയ ഓസീസ് 234ന് എല്ലാവരും പുറത്തായിരുന്നു. നഥാന്‍ ലയണിന്റെ (41) വിക്കറ്റാണ് ഓസീസിന് ഇന്ന് നഷ്ടമായത്. ജസ്പ്രീത് ബുംറയുടെ പന്തില്‍ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു. സ്കോട്ട് ബോളണ്ട് (15) പുറത്താവാതെ നിന്നു. ഇതോടെ ബുംറ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
വൻ വിജയലക്ഷ്യം പിന്തുടർന്ന് ക്രീസിലെത്തിയ ഇന്ത്യൻ ഓപ്പണർമാർ കരുതലോടെയാണ് ബാറ്റിംഗ് ആരംഭിച്ചത്. എന്നാല്‍ സ്കോർ 25 റൺസിൽ നില്‍ക്കെ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി. ഒമ്പത് റണ്‍സെടുത്ത ഇന്ത്യൻ നായകനെ പാറ്റ് കമ്മിൻസിന്റെ പന്തിൽ തേര്‍ഡ് സ്ലിപ്പില്‍ മിച്ചല്‍ മാര്‍ഷ് പിടിച്ചുപുറത്താക്കുകയായിരുന്നു.
പിന്നാലെയെത്തിയ കെ.എൽ. രാഹുലിനെ അക്കൗണ്ട് തുറക്കാൻ പോലും അനുവദിക്കാതെ അതേ ഓവറിൽ തന്നെ കമ്മിൻസ് മടക്കി. തുടർന്ന് 29 പന്തിൽ അഞ്ചുറൺസ് മാത്രമെടുത്ത വിരാട് കോഹ്ലിയെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കിയതോടെ ഇന്ത്യ മൂന്നിന് 33 റൺസെന്ന നിലയിലേക്ക് വീണു. തുടർന്ന് ക്രീസിൽ ഒന്നിച്ച യശസ്വി ജയ്സ്വാളും ഋഷഭ് പന്തും ചേർന്ന് ഇന്ത്യയെ കരകയറ്റാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു.