ശിവഗിരി തീർഥാടനത്തിന് ഇന്നു തുടക്കം
Monday, December 30, 2024 8:38 AM IST
തിരുവനന്തപുരം: ശിവഗിരി തീർഥാടനത്തിന് ഇന്നു തുടക്കമാകും. ഇന്നു മുതൽ ജനുവരി ഒന്നുവരെയാണ് ശിവഗിരി തീർഥാടന മഹാമഹം നടക്കുക. ഇന്നു രാവിലെ 7.30ന് ശ്രീനാരായണധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തി.
10ന് നടക്കുന്ന സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. നേരത്തേ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറായിരുന്നു ഉദ്ഘാടനം ചെയ്യാനിരുന്നത്. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തെത്തുടർന്ന് ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഉപരാഷ്ട്രപതിയുടെ കേരള സന്ദർശനം ഒഴിവാക്കിയത്.
11.30ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി. ആർ. അനിൽ അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന ശാസ്ത്ര-സാങ്കേതിക സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അനന്തരാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. വൈകുന്നേരം അഞ്ചിന് ശുചിത്വ ആരോഗ്യ ഉന്നതവിദ്യാഭ്യാസ സമ്മേളനം നടക്കും. ഏഴിന് കലാ പരിപാടികളുടെ ഉദ്ഘാടനം നടി മല്ലികാസുകുമാരൻ നിർവഹിക്കും.
നാളെ രാവിലെ 5.30ന് തീർഥാടന ഘോഷയാത്ര ആരംഭിക്കും. രാവിലെ 10ന് തീർഥാടന മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുക്കും. ഉച്ചകഴിഞ്ഞു രണ്ടിന് നടക്കുന്ന വ്യവസായ- ടൂറിസം സമ്മേളനം കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിനു സർവമത സമ്മേളനവും നടക്കും.