ഉമ തോമസിന്റെ അപകടം; സംഘാടകർക്കെതിരേ കേസെടുക്കും
Monday, December 30, 2024 2:42 AM IST
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ പരിപാടിക്കിടെ താഴേക്ക് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരേ കേസെടുക്കും. ഇതു സംബന്ധിച്ച് എഡിജിപി മനോജ് എബ്രഹാം കൊച്ചി കമ്മീഷണർക്ക് നിർദേശം നൽകി.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് കേസെടുക്കുക. കലൂർ സ്റ്റേഡിയത്തിന്റെ വിഐപി ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയെ വെന്റിലേറ്ററിലേക്ക് മാറ്റി. സിടി സ്കാൻ, എംആർഐ സ്കാൻ അടക്കം പരിശോധനകൾക്ക് ശേഷമാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.
ഉമ തോമസ് അബോധാവസ്ഥയിൽ തുടരുന്നു. വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ മുറിവേറ്റു, തലച്ചോറിലും മുറിവുണ്ടായെന്നും നട്ടെല്ലിനും പരിക്കുണ്ടെന്നും ചികിത്സിക്കുന്ന കൊച്ചി റെനൈ മെഡിസിറ്റിയിലെ ഡോക്ടർമാർ പറഞ്ഞു.