പാലക്കാട് പോത്ത് വിരണ്ടോടി, വാഹനങ്ങൾ തകർത്തു
Sunday, December 29, 2024 11:01 AM IST
പാലക്കാട് : പോത്ത് വിരണ്ടോടി ഹോട്ടൽ വളപ്പിൽ കയറി. നഗരത്തിലെ ഇന്ദ്രപ്രസ്ഥ എന്ന ഹോട്ടലിലാണ് പോത്ത് കയറിയത്. സംഭവസമയത്ത് രണ്ട് ജീവനക്കാർ മാത്രമാണ് ഹോട്ടലിലുണ്ടായിരുന്നത്. ഇന്ന്പുലർച്ചെ അഞ്ചിനായിരുന്നു സംഭവം.
അറവിനായി ഗോവയിലേക്ക് കൊണ്ടുപോവുകയായിരുന്ന പോത്താണ് വിരണ്ടോടിയത്. നഗരത്തിലെത്തിയപ്പോൾ പോത്ത് വാഹനത്തിൽ നിന്ന് പുറത്തേക്ക് കടക്കുകയും വിരണ്ടോടുകയുമായിരുന്നു.
വാഹനത്തിൽ നിന്നിറങ്ങിയ പോത്ത് ഹോട്ടലിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഇടിച്ചുമറിച്ചിട്ടു. പോലീസിന്റെയും ഫയർഫോഴ്സിന്റെയും നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്തിനെ കീഴ്പ്പെടുത്തിയത്.
വടം കെട്ടിയാണ് പോത്തിനെ നിയന്ത്രണത്തിലാക്കിയത്. വെറ്ററിനറി ആശുപത്രിയിൽനിന്ന് ഡോക്ടർമാർ എത്തി മയക്കിയാണ് പോത്തിനെ പിന്നീട് ഇവിടെനിന്നും മാറ്റിയത്.