കപിലിനെയും മറികടന്നു; വിക്കറ്റ് വേട്ടയില്‍ ഇന്ത്യൻ റിക്കാർഡിട്ട് ബുംറ
Sunday, December 29, 2024 10:00 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയയ്ക്കെതിരായ മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പുതിയ നേട്ടവുമായി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ടെസ്റ്റിൽ അതിവേഗം 200 വിക്കറ്റ് സ്വന്തമാക്കുന്ന ഇന്ത്യൻ പേസർ എന്ന റിക്കാർഡാണ് ബുംറ സ്വന്തമാക്കിയത്.
ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സില്‍ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് വീഴ്ത്തിക്കൊണ്ടാണ് ബുംറ 200 വിക്കറ്റ് എന്ന നാഴികക്കല്ലിലെത്തിയത്. 44 ടെസ്റ്റില്‍ നിന്നാണ് ബുംറ 200 വിക്കറ്റ് വീഴ്ത്തിയത്. 50 ടെസ്റ്റില്‍ നിന്ന് 200 വിക്കറ്റ് തികച്ച കപിൽ ദേവിന്റെ റിക്കാര്‍ഡാണ് ബുംറ മറികടന്നത്.
അതിവേഗം 200 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറെന്ന റിക്കാര്‍ഡും ബുംറ സ്വന്തം പേരിലാക്കി. 44 ടെസ്റ്റില്‍ നിന്ന് 200 വിക്കറ്റ് തികച്ച സ്പിന്നർ രവീന്ദ്ര ജഡേജയുടെ റിക്കാർഡിനൊപ്പമാണ് ബംറ. 37 ടെസ്റ്റില്‍ 200 വിക്കറ്റ് തികച്ച ആര്. അശ്വിനാണ് ഇന്ത്യക്കാരിൽ ഒന്നാമത്. ഹര്ഭജന് സിംഗ്(46 ടെസ്റ്റ്), അനില്‍ കുംബ്ലെ (47 ടെസ്റ്റ്) എന്നിവരാണ് ഇവർക്കു പിന്നിലുള്ളത്.
അതേസമയം, 33 ടെസ്റ്റില്‍ നിന്ന് 200 വിക്കറ്റ് വീഴ്ത്തിയ പാക്കിസ്ഥാന് സ്പിന്നര്‍ യാസിര്‍ ഷായുടെ പേരിലാണ് രാജ്യാന്തര റിക്കാര്‍ഡ്. പേസര്‍മാരില്‍ 38 ടെസ്റ്റില്‍ നിന്ന് 200 വിക്കറ്റെടുത്ത ഓസീസ് പേസ് ഇതിഹാസം ഡെന്നിസ് ലില്ലിയാണ് തലപ്പത്ത്.