ലോക്കോ പൈലറ്റുമാർക്ക് തുടർച്ചയായി രാത്രി ഡ്യൂട്ടി നൽകിയാൽ നടപടിയെന്ന് റെയിൽവേ
Sunday, December 29, 2024 9:45 AM IST
ചെന്നൈ: ലോക്കോ പൈലറ്റുമാർക്ക് തുടർച്ചയായി രാത്രി ഡ്യൂട്ടി നൽകുന്ന ക്രൂ കൺട്രോളർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റെയിൽവേ ബോർഡ്. തുടർച്ചയായി നാല് ദിവസം രാത്രി ഡ്യൂട്ടി ചെയ്താൽ പിന്നീട് ഒരു ദിവസം വിശ്രമം നൽകണമെന്ന് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റത്തിന് നൽകിയ നിർദേശത്തിൽ റെയിൽവേ ബോർഡ് വ്യക്തമാക്കി.
ലോക്കോ പൈലറ്റ് ആറ് ദിവസം വരെ തുടർച്ചയായി രാത്രികളിൽ ജോലി ചെയ്യേണ്ടിവന്നിരുന്ന സാഹചര്യത്തിലാണ് റെയിൽവേ നടപടി സ്വീകരിച്ചത്. ഒക്ടോബറിൽ 1360 പേരും നവംബറിൽ 1224 പേരും ഡിസംബറിൽ 696 പേരും ഒരാഴ്ചയിൽ അഞ്ചും ആറും ദിവസം തുടർച്ചയായി രാത്രി ഡ്യൂട്ടി ചെയ്യേണ്ടിവന്നതായി റെയിൽവേ ബോർഡിന് പരാതി നൽകിയിരുന്നു.
റെയിൽവേ ബോർഡ് നിർദേശത്തെത്തുടർന്ന് ആഴ്ചയിൽ മൂന്നുദിവസം തുടർച്ചയായി ജോലി ചെയ്താൽ ലോക്കോ പൈലറ്റ്, ഗാർഡ് തുടങ്ങിയവർ ക്രൂ കൺട്രോളർമാരെ ഇക്കാര്യം അറിയിക്കണമെന്നും ബോർഡിന്റെ നിർദേശത്തിൽ പറയുന്നു.
ലോക്കോ പൈലറ്റുമാരുടെ ഒഴിവുകൾ റെയിൽവേ നികത്തുന്നില്ലെന്നും പരാതിയിൽ ഉയർന്നിരുന്നു. 2023-ലെ കണക്കുകൾ പ്രകാരം ദക്ഷിണ റെയിൽവേയിൽ 5242 ലോക്കോ പൈലറ്റുമാർ വേണ്ട സ്ഥാനത്ത് 4672 ലോക്കോ പൈലറ്റുമാരാണുള്ളത്. 581 ഒഴിവുകൾ റെയിൽവേ നികത്തിയിട്ടില്ല.
രാജ്യത്ത് 1,28,793 ലോക്കോപൈലറ്റുമാർ വേണ്ട സ്ഥാനത്ത് ഇപ്പോൾ 1,12,420 പേരാണുള്ളത്. 16,373 ലോക്കോപൈലറ്റുമാരുടെ ഒഴിവ് ഇനിയും നികത്തിയിട്ടില്ല. ഇതിനാൽ ലോക്കോ പൈലറ്റുമാർ തുടർച്ചയായി രാത്രി ഡ്യൂട്ടികൾ ചെയ്യേണ്ടിവരുന്നത്.