മെൽബൺ ടെസ്റ്റ്: ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് 369 റൺസ്, രണ്ടാം ഇന്നിംഗ്സിൽ ഓസീസിന് മോശം തുടക്കം
Sunday, December 29, 2024 7:06 AM IST
മെൽബൺ: ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫി പരന്പരയിലെ നാലാം മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 369 റൺസിന് പുറത്ത്. 9 വിക്കറ്റ് നഷ്ടത്തിൽ 358 എന്ന നിലയിൽ നാലാം ദിനത്തിലെ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ഒൻപത് റൺസ് മാത്രമാണ് ഇന്ന് നേടാനായത്.
114 റൺസെടുത്ത് ഇന്ത്യയുടെ ടോപ് സ്കോറർ ആയ നീത്ഷ് റെഡ്ഡിയുടെ വിക്കറ്റ് നഥാൻ ലിയോൺ വീഴ്ത്തിയതോടെയാണ് ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചത്. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിനേക്കാൾ 105 റൺസ് പുറകിലാണ് ഇന്ത്യ ആദ്യം ഇന്നിംഗ്സിൽ പുറത്തായത്.
നിതീഷ് റെഡ്ഡിയുടേയും യശ്വസി ജയ്സ്വാളിന്റെയും വാഷിംഗ്ടൺ സുന്ദറിന്റെയും മികച്ച പ്രകടനാണ് ഇന്ത്യയെ 369 റൺസിലേക്ക് എത്തിച്ചത്. ജയ്സ്വാൾ 82 ഉം സുന്ദർ 50 റൺസും എടുത്തു. ഓസ്ട്രേലിയയക്ക് വേണ്ടി പാറ്റ് കമ്മിൻസും നഥാൻ ലിയോണും സ്കോട്ട് ബോളണ്ടും മൂന്ന് വിക്കറ്റ് വീതം നേടി.
രണ്ടാം ഇന്നിംഗസിൽ ബാറ്റ് തുടങ്ങിയ ഓസ്ട്രേലിയയ്ക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. ആദ്യ ഇന്നിംഗ്സിൽ മികച്ച പ്രകടനം നടത്തിയ സാം കോൺസ്റ്റാസിന്റെയും ഉസ്മാൻ ക്വാജയുടേയും വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. നിലവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 53 എന്ന നിലയിലാണ് ഓസ്ട്രേലിയ.
മാർനസ് ലെബുഷെയ്നും സ്റ്റീവൻ സ്മിത്തും ആണ് ക്രീസിൽ. ജസിപ്രീത് ബുംറയും മുഹമ്മദ് സിറാജും ആണ് വിക്കറ്റുകൾ വീഴ്ത്തിയത്.