പരോൾ ലഭിക്കാൻ വ്യാജ സർട്ടിഫിക്കറ്റ്; ഉത്ര കൊലക്കേസ് പ്രതിയുടെ തട്ടിപ്പ് പൊളിച്ച് ജയിൽ അധികൃതർ
Sunday, December 29, 2024 6:36 AM IST
തിരുവനന്തപുരം: അടിയന്തര പരോൾ ലഭിക്കാൻ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഉത്ര കൊലക്കേസ് പ്രതി സൂരജ്. അച്ഛന് ഗുരുതര അസുഖമെന്ന് പറഞ്ഞ് പരോളിന് ശ്രമിച്ചു. എന്നാൽ തട്ടിപ്പ് ജയിൽ അധികൃതർ പൊളിച്ചു.
ഡോക്ടർ സർട്ടിഫിക്കറ്റിൽ അച്ഛന് ഗുരുതര രോഗമാണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. തുടർന്ന് സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറോട് തന്നെ ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ കാര്യങ്ങള്‍ ശേഖരിച്ചു.
സൂപ്രണ്ടിന് ലഭിച്ച സർട്ടിഫിക്കറ്റും അയച്ചു നൽകി. സർട്ടിഫിക്കറ്റ് നൽകിയത് താനാണെങ്കിലും അതിൽ ഗുരുതര അസുഖമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി.
സംഭവത്തിൽ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ പൂജപ്പുര പോലീസ് കേസെടുത്തു. അമ്മയായിരുന്നു സർട്ടിഫക്കറ്റ് ഹാജരാക്കിയത്. സൂരജിനെയും അമ്മയെയും ചോദ്യം ചെയ്യും.
ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഭർത്താവ് സൂരജ്. ജീവപര്യന്തം കഠിന തടവാണ് കോടതി സൂരജിന് വിധിച്ചത്.
2021 ഒക്ടോബർ 13നാണ് കോടതി 17 വർഷം തടവും, ശേഷം കഠിന തടവും വിധിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിലാണ് സൂരജ് ശിക്ഷ അനുഭവിക്കുന്നത്.