ബസ് കണ്ടക്ടറെയും ഡ്രൈവറെയും മർദിച്ചു; വിദ്യാർഥികൾ അറസ്റ്റിൽ
Sunday, December 29, 2024 5:10 AM IST
ഗുരുഗ്രാം: ബസ് ടിക്കറ്റ് പണത്തെ ചൊല്ലിയുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ബസ് ഡ്രൈവറെയും കണ്ടക്ടറെയും മർദിച്ച വിദ്യാർഥികൾ അറസ്റ്റിൽ. ഗുരുഗ്രാമിലെ ഐടിഐയിലെ ഏഴ് വിദ്യാർഥികളെയാണ് പോലീസ് പിടികൂടിയത്.
ബസ് ഡ്രൈവറും കണ്ടക്ടറും അവസാന സ്റ്റോപ്പിൽ ബസിൽ നിന്ന് ഇറങ്ങിയപ്പോഴാണ് സംഭവം, മില്ലേനിയം സിറ്റി മെട്രോ സ്റ്റേഷനുമിടയിൽ നിന്നും ഗുരുഗ്രാം റെയിൽവേ സ്റ്റേഷനിലേക്കായിരുന്നു ബസ് യാത്ര.
കണ്ടക്ടർ ടിക്കറ്റ് പണം ആവശ്യപ്പെട്ടുവെങ്കിലും വിദ്യാർഥികൾ നൽകിയില്ല. ഇത് വാക്കുതർക്കത്തിന് കാരണമായി. തുടർന്ന് വിദ്യർഥികൾ ബസിൽ നിന്നും ഇറങ്ങിപ്പോയി. ബസ് പാർക്ക് ചെയ്ത ശേഷം ഡ്രൈവർ രാജേഷ് കുമാറും താനും വാഹനത്തിൽ നിന്ന് ഇറങ്ങി വെള്ളം കുടിക്കാൻ പോയപ്പോൾ ഐടിഐ വിദ്യാർഥികൾ സംഘം ചേർന്നെത്തി തങ്ങറെ മർദിക്കുകയായിരുന്നുവെന്ന് കണ്ടക്ടർ ആരോപിച്ചു.
ആളുകൾ തടിച്ചുകൂടാൻ തുടങ്ങിയപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാർഥികൾ ഓടി രക്ഷപ്പെട്ടു, പരാതിയെത്തുടർന്ന് സെക്ടർ 9 എ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ഏഴ് പ്രതികളായ മോഹിത് (18), കാർത്തിക് (18), സണ്ണി (21), സൗരവ് (18), അക്ഷയ് (20), ചേതൻ ശർമ(20), ഹിമാൻഷു (18) എന്നിവരെ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ഇവരെ ജാമ്യത്തിൽ വിട്ടയച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.