തദ്ദേശ സ്ഥാപനങ്ങൾക്ക് 211 കോടി രൂപ കൂടി അനുവദിച്ചു
Saturday, December 28, 2024 11:54 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. പൊതുആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ജനറൽ പർപ്പസ് ഫണ്ടിന്റെ ഒരു ഗഡുകൂടിയാണ് അനുവദിച്ചത്.
കേന്ദ്ര നയങ്ങൾ മൂലമുള്ള സാമ്പത്തിക ഞെരുക്കത്തിനിടയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള തുക പൂർണമായും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടെ ഗ്രാമ പഞ്ചായത്തുകൾക്ക് 150 കോടി രൂപ ലഭിക്കും.
ബ്ലോക്ക് പഞ്ചായത്തുകൾക്ക് 10 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക് ഏഴു കോടിയും ലഭിക്കും. മുനിസിപ്പാലിറ്റികൾക്ക് 26 കോടിയും, കോർപറേഷനുകൾക്ക് 18 കോടിയും അനുവദിച്ചു. ഈ സാന്പത്തിക വർഷം ഇതിനകം 10,011 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ചെന്നും മന്ത്രി വ്യക്തമാക്കി.