പെരിയ ഇരട്ടകൊലപാതകം; നാൾ വഴിയിലൂടെ
Saturday, December 28, 2024 11:47 AM IST
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും 2019 ഫെബ്രുവരി 17നാണ് വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും കല്യോട്ട് വച്ച് ഒരു സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയത്.
തൊട്ടടുത്ത ദിവസം സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരൻ, സി.ജെ. സജി എന്നിവർ അറസ്റ്റിലായി. 2019 ഫെബ്രുവരി 18ന് പീതാംബരനെ പാർട്ടി പുറത്താക്കി.
ലോക്കൽ പോലീസ് അന്വേഷിച്ച കേസ് 2019 ഫെബ്രുവരി 21ന് ക്രൈംബ്രാഞ്ചിന് വിട്ടു. എസ്പി വി.എം. മുഹമ്മദ് റഫീഖിന് അന്വേഷണ ചുമതല നൽകി. എന്നാൽ മാർച്ച് രണ്ടിന് മുഹമ്മദ് റഫീഖിനെ തിരിച്ചയച്ചു. പിന്നാലെ സംഘത്തിലെ ഡിവൈഎസ്പിയെയും സിഐമാരെയും സ്ഥലംമാറ്റി.
2019 ഏപ്രിൽ ഒന്നിന് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.
മേയ് 14ന് സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മറ്റിയംഗവുമായ കെ. മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. കേസിൽ 2019 മേയ് 20ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കേസിലെ 14 പ്രതികൾക്കും സിപിഎമ്മുമായി ബന്ധമുണ്ടായിരുന്നു.
2019 സെപ്റ്റംബർ 30ന് അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും 2019 ഒക്ടോബർ 29ന് ഹൈക്കോടതി സർക്കാർ അപ്പീൽ തള്ളി.
2019 സെപ്റ്റംബർ 12ന് സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഡിസംബർ ഒന്നിന് സുപ്രീംകോടതിയും സർക്കാർ അപ്പീൽ തള്ളി. പിന്നാലെ അന്വേഷണം സിബിഐ ഏറ്റെടുത്തു.
2021 ഡിസംബർ മൂന്നിന് സിബിഐ കുറ്റപത്രം സമർപ്പിച്ചു. 24 പേരാണ് പ്രതിപട്ടികൾ ഉണ്ടായിരുന്നത്. സിപിഎം ലോക്കൽ കമ്മറ്റിയംഗമായിരുന്ന എ. പീതാംബരൻ ഉൾപ്പെടെ 14 പേരെ ക്രൈംബ്രാഞ്ചും മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ ഉൾപ്പെട്ടെ 10 പേരെ സിബിഐയുമാണ് അറസ്റ്റ് ചെയ്തത്.
2023 ഫെബ്രുവരി രണ്ടിന് കൊച്ചി സിബിഐ കോടതിയിൽ വിചാരണയ്ക്ക് തുടക്കം കുറിച്ചു. 2024 ഡിസംബർ 23ന് വിചാരണ പൂർത്തിയായി. കേസിൽ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറഞ്ഞു. കേസിൽ 14 പേർ കുറ്റക്കാർ എന്ന് കോടതി കണ്ടെത്തി. 10 പേരെ വെറുതെ വിട്ടു. 2025 ജനുവരി മൂന്നിന് ശിക്ഷ വിധിക്കും.