"സാംസ്കാരികമണ്ഡലത്തിൽ വെളിച്ചംപകർന്നു കത്തിയ വിളക്കാണ് അണഞ്ഞത്'; എംടിയെ അനുസ്മരിച്ച് സജി ചെറിയാൻ
Wednesday, December 25, 2024 11:48 PM IST
കോഴിക്കോട്: എം. ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. മലയാളസാഹിത്യ, സാംസ്കാരിക മണ്ഡലത്തിൽ വെളിച്ചം പകർന്നു കത്തിക്കൊണ്ടിരുന്ന വിളക്കാണ് അണഞ്ഞതെന്ന് മന്ത്രി പറഞ്ഞു.
ഈ നഷ്ടം വാക്കുകൾക്ക് വിവരണാതീതമാണെന്നും എം.ടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ വികാരമാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെക്കാലമായി മലയാളിയുടെ സൗന്ദര്യബോധത്തെയും ഭാവുകത്വത്തെയും ജീവിതാനുഭവങ്ങളെയും നവീകരിച്ച സാഹിത്യകാരനാണ് എംടിയെന്നും മന്ത്രി അനുസ്മരിച്ചു.
എഴുത്തുകാരൻ എന്ന നിലയിൽ മാത്രമല്ല, നമ്മുടെ സാംസ്കാരികമേഖലയുടെയാകെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു അദ്ദേഹം. കേരളത്തി സാംസ്കാരിക മേഖലയില്‍ ശക്തിയാര്‍ജ്ജിക്കാനുള്ള ഫാഷിസ്റ്റ് ശ്രമങ്ങള്‍ക്കെതിരെയുള്ള ശക്തമായി നിലയുറപ്പിച്ച പോരാളി കൂടെയായിരുന്നു എംടിയെന്നും സജി ചെറിയാൻ പറഞ്ഞു.
കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയായിരുന്നു മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായരുടെ അന്ത്യം.