പള്ളിയിലെ ക്രിസ്മസ് ആഘോഷം പോലീസ് തടഞ്ഞ സംഭവം; എസ്ഐ അവധിയിൽ പ്രവേശിച്ചു
Wednesday, December 25, 2024 9:01 PM IST
തൃശൂർ: പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ പോലീസുകാരൻ അവധിയിൽ പ്രവേശിച്ചു. ചാവക്കാട് എസ്ഐ വിജിത്ത് ആണ് അവധിയിൽ പ്രവേശിച്ചത്.
നേരത്തെ സിപിഎം ഉൾപ്പെടെ എസ്ഐക്കെതിരേ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എസ്ഐ അവധിയിൽ പ്രവേശിച്ചത്.
ശനിയാഴ്ച മുതൽ വിജിത്തിന് ശബരിമല ഡ്യൂട്ടിയാണ്. മൈക്കിലൂടെ കാരൾ ഗാനം പാടുന്നത് പോലീസ് വിലക്കിയതായാണ് പരാതി. പള്ളി വളപ്പിൽ മൈക്ക്സെറ്റ് ഉപയോഗിച്ച് പരിപാടി നടത്തുകയാണെങ്കിൽ കേസെടുക്കുമെന്നാണ് പോലീസ് അറിയിച്ചത്.
പോലീസ് ഉദ്യോഗസ്ഥർ സംസാരിച്ചു പോയതിന് പിന്നാലെ കാരൾ ഗാന പരിപാടി ഉപേക്ഷിച്ചതായി ഇടവക ട്രസ്റ്റി അംഗങ്ങൾ അറിയിച്ചു. പള്ളിയങ്കണത്തിന് പുറത്തേക്ക് പ്രദക്ഷിണമായി പോകുന്നതിനാണ് സാധാരണ മൈക്ക് പെർമിഷൻ എടുക്കാറുള്ളതെന്നും ഇടവക അംഗങ്ങൾ പറഞ്ഞു.