പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകം; പ്രതിയുടെ മനോനിലയിൽ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്
Tuesday, December 24, 2024 12:20 PM IST
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയെ കൊലപെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി അമീറുൽ ഇസ്ലാമിന്റെ മനോനിലയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. മാനസികമായ പ്രശ്നങ്ങൾ, വ്യാകുലത, ഭയം എന്നിവ അമീറുൽ ഇസ്ലാമിനെ അലട്ടുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
തൃശൂർ മെഡിക്കൽ കോളജിൽനിന്ന് തയാറാക്കിയ റിപ്പോർട്ട് സുപ്രീംകോടതിക്ക് കൈമാറി. വിയ്യൂർ സെൻട്രൽ ജയിലിലെ സൂപ്രണ്ട് തയാറാക്കിയ സ്വഭാവ സർട്ടിഫിക്കറ്റും കോടതിക്ക് കൈമാറിയിട്ടുണ്ട്. ജയിലിലെ കുറ്റങ്ങൾക്ക് ഇതുവരെയും അമീറുൽ ഇസ്ലാമിനെ ശിക്ഷിച്ചിട്ടില്ലെന്ന് ജയിൽ സൂപ്രണ്ട് നൽകിയ സ്വഭാവ സർട്ടിഫിക്കറ്റിൽ പറയുന്നു.
2016 ഏപ്രില്‍ 28നായിരുന്നു പെരുമ്പാവൂരില്‍ ഇരിങ്ങോള്‍ എന്ന സ്ഥലത്ത് കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന നിയമവിദ്യാർഥിനി ക്രൂരമായി കൊല്ലപ്പെട്ടത്. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂൺ 16നാണ് ആസാം സ്വദേശിയായ അമീറുള്‍ ഇസ്ലാം പിടിയിലാകുന്നത്. തുടര്‍ന്ന് മാസങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവിലാണ് അമീറുള്‍ ഇസ്ലാമിന് കൊച്ചിയിലെ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.