മുൻ കോൺസ്റ്റബിളിന്റെ പക്കൽനിന്നും 7.98 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്തു
Tuesday, December 24, 2024 9:08 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ മുൻ കോൺസ്റ്റബിളിന്റെ പക്കൽനിന്നും 2.87 കോടി രൂപയും 234 കിലോഗ്രാം വെള്ളിയും ഉൾപ്പെടെ 7.98 കോടി രൂപയുടെ സ്വത്ത് കണ്ടെത്തി.
മുൻ കോൺസ്റ്റബിൾ സൗരഭ് ശർമയുടെ വസതിയിലും ഓഫീസിലും ഡിസംബർ 18, 19 തീയതികളിൽ നടത്തിയ പരിശോധനയ്ക്കൊടുവിൽ അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിന്ന് ലോകായുക്തയുടെ സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് (എസ്പിഇ) ഈ സ്വത്തുക്കൾ കണ്ടുകെട്ടിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
സൗരഭ് ശർമയുടെ പിതാവ് ആർ.കെ. ശർമ സർക്കാർ ഡോക്ടറായിരുന്നുവെന്നും സർവീസിലിരിക്കെ 2015ൽ മരിച്ചതായും ലോകായുക്ത പോലീസ് ഡയറക്ടർ ജനറൽ ജയ്ദീപ് പ്രസാദ് പറഞ്ഞു. തുടർന്ന് 2015ൽ ആശ്രിത നിയമനത്തിന്റെ അടിസ്ഥാനത്തിൽ സൗരഭ് ശർമയ്ക്ക് ഗതാഗത വകുപ്പിൽ കോൺസ്റ്റബിളായി ജോലി ലഭിച്ചു. 2023ൽ അദ്ദേഹം സ്വയം വിരമിച്ചു.
സർവീസിലിരിക്കെ അഴിമതിയിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് സൗരഭ് ശർമ തന്റെ അമ്മയുടെയും ഭാര്യയുടെയും സഹോദരഭാര്യയുടെയും അടുത്ത കൂട്ടാളികളായ ചേതൻ സിംഗ് ഗൗഡിന്റെയും ശരദ് ജയ്സ്വാളിന്റെയും പേരിൽ സ്കൂളും ഹോട്ടലും സ്ഥാപിച്ചു.
അരേര കോളനിയിലെ ഇ-7 സെക്ടറിലുള്ള ഇയാളുടെ വസതിയിൽ നടത്തിയ പരിശോധനയിൽ 1.15 കോടി രൂപ (വിദേശ കറൻസി ഉൾപ്പെടെ), 50 ലക്ഷം രൂപയുടെ ആഭരണങ്ങൾ, വാഹനങ്ങൾ ഉൾപ്പെടെ 2.21 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ എന്നിവ കണ്ടെടുത്തു.
ഇതേ സ്ഥലത്തുള്ള അദ്ദേഹത്തിന്റെ ഓഫീസിൽ നടത്തിയ റെയ്ഡിൽ 1.72 കോടി രൂപയും 2.10 കോടി രൂപ വിലമതിക്കുന്ന 234 കിലോ വെള്ളിയും മൂന്ന് കോടിയുടെ മറ്റ് സ്വത്തുക്കളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
സൗരഭ് ശർമയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 7.98 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടെത്തിയതായി ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സൗരഭ് ശർമ, ഭാര്യ, അമ്മ, കൂട്ടാളികളായ ഗൗഡ്, ജയ്സ്വാൾ എന്നിവർക്ക് സമൻസ് അയച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഗൗഡിൽ നിന്ന് പണവും സ്വർണവും ആദായനികുതി വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. പരിശോധനയിൽ കണ്ടെത്തിയ ബാങ്ക് വിവരങ്ങളും ഭൂമി രേഖകളും സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഡിസംബർ 19 ന് നടന്ന പരിശോധനയിൽ ഭോപ്പാലിന്റെ പ്രാന്തപ്രദേശത്ത് ഗൗഡിന്റെ ഉടമസ്ഥതയിലുള്ള കാറിൽ നിന്ന് 10 കോടിയിലധികം പണവും 50 കിലോയിലധികം സ്വർണവും ഐടി വകുപ്പ് പിടിച്ചെടുത്തിരുന്നു.