എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; പ്രതിഷേധവുമായി മാതാപിതാക്കൾ
Monday, December 23, 2024 11:22 PM IST
കൊച്ചി: എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 75 വിദ്യാർഥികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തൃക്കാക്കര കെഎംഎം കോളജിലെ ക്യാമ്പിലായിരുന്നു സംഭവം. 518 പേരുള്ള ക്യാമ്പിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്.
തിങ്കളാഴ്ച ഉച്ചഭക്ഷണത്തിനുശേഷമാണ് അസ്വസ്ഥത തുടങ്ങിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. വൈകുന്നേരത്തോടെ ഒട്ടേറെ പേർ ക്ഷീണിതരായി തളർന്നുവീണു. പോലീസ് വാഹനങ്ങളിലും ആംബുലൻസുകളിലുമായാണ് വിദ്യാർഥികളെ ആശുപത്രികളിലേക്ക് മാറ്റിയത്.
ഈ മാസം 20നാണ് ക്യാമ്പ് തുടങ്ങിയത്. ഞായറാഴ്ചയും ഏതാനും പേർക്ക് അസ്വസ്ഥതയുണ്ടായതായി കേഡറ്റുകൾ പറഞ്ഞു. എന്നാൽ അധികൃതർ കൃത്യമായ വിവരങ്ങൾ നൽകുന്നില്ലെന്ന് ആരോപിച്ച് മാതാപിതാക്കൾ പ്രതിഷേധിക്കുകയാണ്.