കേജരിവാളിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടി ലഫ്റ്റന്റ് ഗവർണറെ സമീപിച്ച് ഇഡി
Saturday, December 21, 2024 3:08 PM IST
ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടി എൻഫോഴ്സ്മെന്റ് ഡയറക്റേറ്റ് (ഇഡി). മദ്യനയ അഴിമതി കേസിൽ ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന മുമ്പാകെയാണ് പ്രോസിക്യൂഷൻ അനുമതിക്കായി ഇഡി അപേക്ഷ നൽകിയത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇഡി നടപടി. ജനപ്രതിനിധികളെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രോസിക്യൂട്ട് ചെയ്യണമെങ്കിൽ മുൻകൂർ അനുമതി വാങ്ങണമെന്ന് നവംബർ ആറിന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
നേരത്തെ ഇതിന് മുൻകൂർ അനുമതിയുടെ ആവശ്യമുണ്ടായിരുന്നില്ല. മദ്യനയ അഴിമതി കേസിൽ മാർച്ച് 21ന് കേജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സിബിഐയും കേജരിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നു രണ്ട് കേസുകളിലും കേജരിവാളിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.