മകനെ കുടുക്കാന്‍ കടയില്‍ കഞ്ചാവ് വച്ചു; പിതാവ് അറസ്റ്റില്‍
Friday, December 20, 2024 10:54 AM IST
മാനന്തവാടി: മകനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. മാനന്തവാടി ചെറ്റപ്പാലം പുത്തന്‍തറ വീട്ടില്‍ പി. അബൂബക്കറാണ്(67) അറസ്റ്റിലായത്. വൈരാഗ്യത്തിന്റെ പേരിൽ മറ്റുള്ളവരുടെ സഹായത്തോടെ അബൂബക്കര്‍ മകന്റെ കടയില്‍ കഞ്ചാവ് വച്ചത്.
തുടര്‍ന്ന് എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. പിന്നാലെ നൗഫലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു
സെപ്റ്റംബര്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നൗഫലിന്റെ നിരപരാധിത്വം വ്യക്തമായത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത നൗഫലിന് ജാമ്യം നല്‍കുകയും ചെയ്തു.
തുടർന്നുള്ള അന്വേഷണത്തിലാണ് അബൂബക്കറിന്റെ പങ്ക് വ്യക്തമായത്. അബൂബക്കറിന്റെ കീഴില്‍ ജോലി ചെയ്യുന്ന കര്‍ണാടക സ്വദേശിയും ഓട്ടോ ഡ്രൈവറായ ജിന്‍സ് വര്‍ഗീസും അബ്ദുള്ള എന്നയാളുമാണ് അബൂബക്കറിനെ സഹായിച്ചത്.
കര്‍ണാടകയില്‍ നിന്നായിരുന്നു സംഘം കഞ്ചാവ് എത്തിച്ചത്. കഞ്ചാവ് കൊണ്ടുവരാന്‍ സഹായം നല്കിയ ജിന്‍സിനെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. അബൂബക്കറിനെ മുഖ്യപ്രതിയാക്കിയാണ് എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടയില്‍ ഹാജരാക്കിയ അബൂബക്കറിനെ റിമാന്‍ഡ് ചെയ്തു.