കളമശേരിയിൽ മഞ്ഞപ്പിത്തം പടരുന്നു; 13 പേർക്ക് രോഗം സ്ഥിരീകരിച്ചു
Thursday, December 19, 2024 6:51 PM IST
കൊച്ചി: കളമശേരിയിൽ ആശങ്കപരത്തി മഞ്ഞപ്പിത്ത വ്യാപനം. നഗരസഭയിലെ 10, 12, 14 വാർഡുകളിൽ ഇതുവരെ 13 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ രണ്ടു പേരുടെ ആരോഗ്യ നില ഗുരുതരമാണ്.
നഗരസഭാ പരിധിയിൽപ്പെട്ട ചില ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ഞപ്പിത്തം വ്യാപിച്ചതിനെ തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം അടിയന്തരയോഗം വിളിച്ചു. രോഗവ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളും ആരംഭിച്ചു.
രോഗം പടര്‍ന്ന മേഖലകളിൽ ക്ലോറിനേഷൻ നടത്തുകയും കുടിവെള്ളം പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ടെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ മുപ്പതിലധികം പേര്‍ക്ക് രോഗ ലക്ഷണമുണ്ട്.