ഉപരാഷ്ട്രപതിയുടെ പേര് തെറ്റിച്ചെഴുതി; അവിശ്വാസപ്രമേയ നോട്ടീസ് തള്ളി
Thursday, December 19, 2024 5:53 PM IST
ന്യൂഡൽഹി: രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ് തള്ളി. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശാണ് നോട്ടീസ് തള്ളിയത്.
14 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന നിബന്ധന പാലിച്ചില്ല, ജഗ്ദീപ് ധന്‍കറിന്റെ പേര് തെറ്റിച്ചെഴുതി എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജ്യസഭാ ഡെപ്യൂട്ടി ചെയർമാന്റെ നടപടി.
ജഗ്ദീപ് ധൻകർ പക്ഷപാതപരമായാണ് സഭാ നടപടികള്‍ നടത്തുന്നതെന്ന് ആരോപിച്ചാണ് ഇന്ത്യാ സഖ്യം അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകിയത്. പ്രമേയത്തിന് അവതരണാനുമതി തേടി ചൊവ്വാഴ്ച പ്രതിപക്ഷം രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിരുന്നു.
രാജ്യ ചരിത്രത്തില്‍ ആദ്യമായാണ് ഉപരാഷ്ട്രപതിയെ നീക്കാനായി നോട്ടീസ് നല്‍കുന്നത്. അറുപതോളം രാജ്യസഭാംഗങ്ങള്‍ നോട്ടീസിൽ ഒപ്പുവച്ചിരുന്നു.