കരിമണൽ കന്പനിയിൽനിന്നു പിണറായി വിജയനും കൈക്കൂലി വാങ്ങിയെന്ന് മാത്യു കുഴൽനാടൻ
Thursday, December 19, 2024 1:52 PM IST
കൊച്ചി: കരിമണൽ കന്പനിയിൽനിന്നും വീണാ വിജയൻ മാത്രമല്ല പിണറായി വിജയനും കോടാനുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സിഎംആർഎൽ പണമിടപാട് നടത്തിയത് എക്സാലോജിക്ക് കമ്പനിയുമായി ബന്ധമുളള പ്രമുഖ വ്യക്തിയുമായാണെന്ന എസ്എഫ്ഐഒയുടെ കണ്ടെത്തൽ പുറത്ത് വന്നതിനു പിന്നാലെയാണ് കുഴൽനാടന്റെ ആരോപണം.
ഒരു രാഷ്ട്രീയ നേതാവിന് വേണ്ടി പണം വാങ്ങിയെന്നാണ് എസ്എഫ്ഐഒ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. ആ പി ഞാനല്ല എന്ന് പിണറായി വിജയന് പറയാൻ ആർജവമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പറയുന്നില്ലെങ്കിൽ അത് അംഗീകരിക്കലാണെന്നും തുറന്ന് പറയാനുള്ള ധൈര്യം സിപിഎമ്മിനെങ്കിലും ഉണ്ടോയെന്നും കുഴൽനാടൻ ചോദിച്ചു.
നിലവിൽ എസ്എഫ്ഐഒ കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റ് നേടി കൊടുത്തു. എട്ടുമാസം കൊണ്ട് പൂർത്തീകരിക്കേണ്ട അന്വേഷണം ഇതുവരെ പൂർത്തീകരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ബിജെപിയും സിപിഎമ്മും ടോം ആൻഡ് ജെറി കളിക്കുകയാണോ എന്ന് സംശയമുണ്ട്. നരേന്ദ്ര മോദിയും അമിത് ഷായും ടോം ആൻഡ് ജെറിയുടെ സംവിധായകരുടെ ജോലിയാണ് ഇന്ന് ഏറ്റെടുത്തിരിക്കുന്നത്. ജെറിയുടെ അവസ്ഥയിൽ നിൽക്കുന്ന പിണറായി വിജയൻ, എപ്പോൾ വേണമെങ്കിലും പിടിവീഴാമെന്ന് ഉള്ളതുകൊണ്ട് രക്ഷപ്പെടാൻ വേണ്ടി എന്തും ചെയ്തു കൊടുക്കുന്ന അവസ്ഥയിലാണെന്നും മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി.