ഉദയംപേരൂരിൽ നൂറുവർഷം പഴക്കമുള്ള സ്കൂൾ കെട്ടിടം തകർന്നുവീണു; ഒഴിവായത് വൻ ദുരന്തം
Thursday, December 19, 2024 11:46 AM IST
കൊച്ചി: ഉദയംപേരൂരിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. കുട്ടികൾ എത്തുന്നതിന് മുൻപായതിനാൽ വൻ അപകടം ഒഴിവായി. കണ്ടനാട് ജെബി സ്കൂളിന്റെ 100 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ മേൽക്കൂരയാണ് ഇന്ന് രാവിലെ 9.30 ഓടെ തകർന്നുവീണത്.
കെട്ടിടത്തിൽ മൂന്നു കുട്ടികളുള്ള അങ്കണവാടി പ്രവർത്തിക്കുന്നുണ്ടെങ്കിലും കുട്ടികൾ എത്തുന്നതിന് മുൻപായതിനാൽ അപകടം ഒഴിവായി.
കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം അധ്യയനം നടക്കുന്നത് തൊട്ടടുത്ത് പുതുതായി നിർമിച്ച കെട്ടിടത്തിലാണ്. എന്നാൽ കുട്ടികൾ ഉച്ചഭക്ഷണം കഴിക്കാനെത്തിയിരുന്നത് തകർന്നുവീണ പഴയ കെട്ടിടത്തിലാണ്. മേൽക്കൂര വീണത് ഉച്ചസമയത്താകാതിരുന്നതും ഭാഗ്യമായി.
സ്കൂളിലെ ക്രിസ്മസ് ആഘോഷം വെള്ളിയാഴ്ച ഈ കെട്ടിടത്തിൽ വച്ച് നടത്താനിരിക്കുന്നതിനിടെയാണ് അപകടം. കെട്ടിടം തകർന്നതറിഞ്ഞ് വാർഡ് കൗൺസിലർമാരും ഉദയംപേരൂർ പോലീസും നാട്ടുകാരുമുൾപ്പെടെയുള്ളവർ സ്കൂളിലെത്തിയിരുന്നു.