അശ്വമേധം അവസാനിപ്പിച്ച് സ്പിൻ മാന്ത്രികൻ; ഞെട്ടിച്ച് വിരമിക്കൽ പ്രഖ്യാപനം
Wednesday, December 18, 2024 11:46 AM IST
ബ്രിസ്ബേൻ: ഇന്ത്യൻ സ്പിൻ മാന്ത്രികൻ ആർ. അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ബ്രിസ്ബേനിൽ ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് സമനിലയിൽ കലാശിച്ചതിനു പിന്നാലെയാണ് 38 കാരനായ താരം അപ്രതീക്ഷിതമായി വിരമിക്കൽ അറിയിച്ചത്. ഗാബ ടെസ്റ്റിന്റെ ഭാഗമായിരുന്നില്ലെങ്കിലും അഡ്ലെയ്ഡിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ താരം കളിച്ചിരുന്നു.
രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ താരമെന്ന നിലയിൽ തന്റെ അവസാന ദിനമാണ് ഇതെന്ന് മത്സരത്തിനു ശേഷം വാർത്താ സമ്മേളനത്തിന് ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം എത്തിയ അശ്വിൻ പറഞ്ഞു.
ബിസിസിഐയ്ക്കും സഹതാരങ്ങൾക്കും നന്ദി പറയേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമാണ്. അതിൽ കുറച്ചുപേരുടെ പേരെടുത്തു പറയേണ്ടതുണ്ട്. രോഹിത്, കോഹ്ലി, രഹാനെ, പൂജാര തുടങ്ങിയവരാണ് മികച്ച ക്യാച്ചുകളിലൂടെ തന്റെ പേരിലുള്ള വിക്കറ്റുകളിൽ ഏറെയും സമ്മാനിച്ചതെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയുടെ രണ്ടാമത്തെ മുൻനിര വിക്കറ്റ് വേട്ടക്കാരനായ അശ്വിൻ 2011 നവംബർ ആറിന് ഡൽഹിയിൽ വെസ്റ്റ് ഇൻഡീസിനെതിരേയാണ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്.
13 വർഷം നീണ്ട രാജ്യാന്തര കരിയറിൽ 106 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 537 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇന്ത്യൻ സ്പിന്നർമാരിൽ 132 ടെസ്റ്റുകളിൽനിന്ന് 619 വിക്കറ്റ് വീഴ്ത്തിയ അനിൽ കുംബ്ലെ മാത്രമാണ് അദ്ദേഹത്തിനു മുന്നിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരിൽ ഏഴാമനാണ് അശ്വിൻ.
ടെസ്റ്റിൽ 37 തവണ അഞ്ചുവിക്കറ്റ് നേട്ടം കൈവരിച്ച അശ്വിൻ, ഇക്കാര്യത്തിൽ ഇതിഹാസ താരം ഷെയ്ൻ വോണിനൊപ്പം രണ്ടാം സ്ഥാനത്താണ്. 67 അഞ്ചുവിക്കറ്റ് നേട്ടമുള്ള ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഒന്നാമത്.
ടെസ്റ്റിൽ ആറു സെഞ്ചുറികളും 14 അർധസെഞ്ചുറികളും സഹിതം 3503 റൺസാണ് അശ്വിന്റെ സമ്പാദ്യം. ഒരേ ടെസ്റ്റിൽ കൂടുതൽ സെഞ്ചുറികളും അഞ്ച് വിക്കറ്റും എന്ന നേട്ടം നാലുതവണ സ്വന്തം പേരിലാക്കി.
കൂടാതെ, 116 ഏകദിനങ്ങളിൽ നിന്നായി 156 വിക്കറ്റുകളും 65 ട്വന്റി20 മത്സരങ്ങളിൽ നിന്നായി 72 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഏകദിനത്തിൽ 63 ഇന്നിംഗ്സുകളിൽനിന്ന് 16.44 ശരാശരിയിൽ 707 റൺസും ട്വന്റി 20യിൽ 19 ഇന്നിംഗ്സുകളിൽനിന്ന് 26.29 ശരാശരിയിൽ 184 റൺസും നേടി.