സ്വകാര്യ ബസ് ജീവനക്കാർക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കുമെന്ന് മന്ത്രി
Tuesday, December 17, 2024 11:51 PM IST
തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ റോഡില്‍ ആളുകളെ ഇടിച്ചു കൊന്നാല്‍ ബസിന്റെ പെർമിറ്റ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. കൂടാതെ ഡ്രൈവറുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ ബസുകള്‍ക്ക് പോലീസ് ക്ലിയറൻസ് നിർബന്ധമാക്കും. വാഹനങ്ങളുടെ മത്സര ഓട്ടം നിർത്തലാക്കാനായി ജിയോ ടാഗിംഗ് ഏർപ്പെടുത്തും. സമയം തെറ്റിച്ച് ഓടുന്ന വാഹനങ്ങള്‍ക്ക് പിഴ നല്‍കും.
റൂട്ടുകള്‍ കട്ട് ചെയ്യുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കും. മാർച്ച് മാസത്തോടെ സ്വകാര്യ ബസുകളില്‍ കാമറ വയ്ക്കണം.
സ്വകാര്യ ബസ് ജീവനക്കാരുടെ നിയമനത്തിന് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കും. തിരുവനന്തപുരം കിഴക്കേകോട്ട അപകടത്തില്‍ സർക്കാർ നടപടി സ്വീകരിക്കും. ഇത്തരം എല്ലാ അപകടങ്ങളിലും നടപടി സ്വീകരിക്കുമെന്നും ബ്ലാക് സ്പോട്ട് കേന്ദ്രീകരിച്ചുള്ള പരിശോധന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ബസ് വേകളിലും മറ്റും വെള്ളം കെട്ടിനില്‍ക്കുന്നത് മാറ്റാൻ നടപടി എടുക്കും. ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഇതിന്റെ കോൺട്രാക്ട് നല്‍കുമെന്നും മന്ത്രി പറഞ്ഞു.