മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തി
Tuesday, December 17, 2024 11:34 PM IST
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ശിവസേന (ഉദ്ധവ്) നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയും തമ്മിൽ കൂടിക്കാഴ്ച നടത്തി. നാഗ്പുരിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
മഹാരാഷ്ട്ര മന്ത്രിസഭാ വിപുലീകരണം നടന്ന രണ്ടു ദിവസത്തിനു ശേഷമാണ് ഫഡ്നാവിസുമായി ഉദ്ധവ് കൂടിക്കാഴ്ച നടത്തിയത്. ശിവസേന എംഎൽഎയും താക്കറെയുടെ മകനുമായ ആദിത്യ താക്കറെയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
അതേസമയം, മഹാരാഷ്ട്രയിൽ വലിയ വിജയം സ്വന്തമാക്കി അധികാരത്തിലെത്തിയ ഫഡ്നാവിസിനെ അഭിനന്ദിക്കാനാണ് താക്കറെ എത്തിയതെന്നാണ് സൂചന. നേരത്തെ താക്കറെ ഉൽപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ല.