മന്ത്രി മാറ്റം സംബന്ധിച്ച് ശരദ് പവാറുമായി ഇന്ന് ചർച്ച നടന്നില്ല; നേതൃത്വം നാളെ ചർച്ച നടത്തുമെന്ന് തോമസ് കെ. തോമസ്
Tuesday, December 17, 2024 8:27 PM IST
ന്യൂഡൽഹി: എൻസിപിയിലെ മന്ത്രി മാറ്റം സംബന്ധിച്ച് ശരദ് പവാറുമായി ഇന്ന് ചർച്ച നടന്നില്ലെന്ന് തോമസ് കെ. തോമസ് എംഎൽഎ. ഇന്ന് പ്രകാശ് കാരാട്ടും ശരദ് പവാറും തമ്മിലാണ് സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ആവശ്യങ്ങൾ അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ വിശദീകരിച്ച് കത്ത് നൽകിയിട്ടുണ്ട്. നേതൃത്വം നാളെ ചർച്ച നടത്തും. താൻ ചർച്ചയിൽ പങ്കെടുക്കില്ലെന്നും തോമസ് കെ. തോമസ് അറിയിച്ചു.
ശശീന്ദ്രനെ വിളിപ്പിച്ചിട്ടുണ്ടോ എന്ന് അറിയില്ല. താൻ മന്ത്രി സ്ഥാനം കിട്ടാൻ നോക്കി നടക്കുന്ന ആളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ എൻസിപിയിലെ മന്ത്രി മാറ്റത്തിനായി ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച നടന്നു. എൻസിപി അധ്യക്ഷൻ ശരദ് പവാറും സിപിഎം ദേശീയ കോർഡിനേറ്റർ പ്രകാശ് കാരാട്ടുമായാണ് കൂടിക്കാഴ്ച നടത്തിയത്. ഡൽഹിയിലെ ശരദ് പവാറിന്റെ വസതിയിലാണ് കൂടിക്കാഴ്ച.