ശബരി റെയിൽ പാത രണ്ട് ഘട്ടമായി നടപ്പാക്കും; 50 ശതമാനം ചെലവ് വഹിക്കാമെന്ന് കേരളം
Tuesday, December 17, 2024 7:30 PM IST
തിരുവനന്തപുരം: ശബരി റെയിൽ പാത രണ്ട് ഘട്ടമായി നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
നിലവിൽ സിങ്കിൾ ലൈനുമായി മുന്നോട്ട് പോകാനാണ് തീരുമാനം. വികസന ഘട്ടത്തിൽ പാതയിരട്ടിപ്പിക്കൽ പരിഗണിക്കും. ഇല്ലെങ്കിൽ താങ്ങാനാകാത്ത ഇരട്ടി ചെലവ് വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിന്റെ അനുമതിക്കായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. റിസർവ് ബാങ്കുമായി ചേർന്നുള്ള ത്രികക്ഷി കരാർ എന്ന കേന്ദ്ര നിർദേശത്തിന് സംസ്ഥാനം വഴങ്ങിയില്ല.
ആദ്യഘട്ടത്തില്‍ അങ്കമാലി - എരുമേലി - നിലക്കല്‍ പാത പൂര്‍ത്തീകരിക്കും. നിര്‍മാണ ചെലവിന്റെ 50 ശതമാനം തുക കിഫ്ബി വഹിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം തുടരും.
കേരള വികസനത്തിന് വലിയ കുതിപ്പേകുംവിധം ശബരി റെയിൽ പദ്ധതി വിപുലീകരിക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ള ചെങ്ങന്നൂർ - പമ്പ പദ്ധതിക്ക് പകരം വിഴിഞ്ഞത്തെ ബന്ധിപ്പിക്കാവുന്ന പദ്ധതിയായി ഭാവിയില്‍ ഇത് വികസിപ്പിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.