പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് യോഗി ആദിത്യനാഥ്
Tuesday, December 17, 2024 4:17 PM IST
ലക്നോ: എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രിയങ്ക പലസ്തീൻ അനുകൂല ബാഗ് ധരിച്ചതിനെ പരിഹസിച്ചാണ് യോഗി രംഗത്തെത്തിയത്.
യുപി യുവാക്കളെ ഇസ്രയേലിലേക്ക് ജോലിക്ക് അയയ്ക്കുന്നു, കോണ്ഗ്രസ് ബാഗുമായി നടക്കുന്നു എന്നായിരുന്നു യോഗിയുടെ പരിഹാസം.ഒന്നര ലക്ഷത്തിലധികം രൂപ ശന്പളമുള്ള 5,600 യുപി സ്വദേശികൾ ഇസ്രായേലിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുപി നിയമസഭയിലാണ് യോഗിയുടെ പരാമർശം.
തിങ്കളാഴ്ച പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, പലസ്തീൻ എന്നെഴുതിയ തണ്ണിമത്തൻ ചിത്രമുള്ള ബാഗ് ധരിച്ചുകൊണ്ടാണ് പ്രിയങ്ക പാർലമെന്റിലെത്തിയത്. പ്രിയങ്കയുടെ ഈ നീക്കത്തിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. പ്രിയങ്ക മുസ്ലിം പ്രീണനം നടത്തുന്നുവെന്നായിരുന്നു ബിജെപിയുടെ വിമർശനം. ഇതിനു പിന്നാലെയാണ് യോഗിയുടെ പരാമർശം.
എന്നാൽ താൻ എന്ത് ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുന്നത് എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. അതേസമയം ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമൊപ്പം എന്നെഴുതിയ ബാഗ് ധരിച്ചാണ് പ്രിയങ്കയും മറ്റ് കോൺഗ്രസ് എംപിമാരും ഇന്ന് പാർലമെന്റിൽ എത്തിയത്.