നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി
Tuesday, December 17, 2024 4:13 PM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രണ്ട് ഫൊറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെട്ട് പൾസർ സുനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. പൾസർ സുനിയുടേത് ബാലിശമായ വാദമാണെന്നും വീണ്ടും വിസ്താരം നടത്തുന്നത് കേസിന്റെ വിചാരണ വൈകാൻ ഇടയാക്കുമെന്നും കോടതി പറഞ്ഞു.
ഫോറന്‍സിക് പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫോറന്‍സിക് സയന്‍സ് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരെ വീണ്ടും വിസ്തരിക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. കേസിലെ 112 , 183 സാക്ഷികളാണ് ഫോറന്‍സിക് വിദഗ്ധര്‍. എന്നാൽ ഇവരെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമല്ലെന്ന് കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി പുറത്തിറങ്ങിയത്. കേസിൽ അറസ്റ്റിലായി ഏഴരവർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് കൊച്ചിയിലെ വിചാരണക്കോടതി ജാമ്യമനുവദിച്ചത്. കടുത്ത വ്യവസ്ഥകളോടെയായിരുന്നു ജാമ്യം.