മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാടിന്റെ പ്രസ്താവന എന്തടിസ്ഥാനത്തിൽ: മന്ത്രി റോഷി
Tuesday, December 17, 2024 3:57 PM IST
കോട്ടയം : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാടിന്റെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ലെന്ന് ജലവിഭവശേഷിമന്ത്രി റോഷി അഗസ്റ്റിൻ. നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുളള കേസിൽ എന്ത് അടിസ്ഥാനത്തിലാണ് തമിഴ്നാട് ജലനിരപ്പ് ഉയർത്തുമെന്ന രീതിയിലുള്ള പ്രതികരണം നടത്തുന്നതെന്നതിൽ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.
142 അടിയിൽ ജലനിരപ്പ് ക്രമീകരിക്കാനുള്ള സാഹചര്യമാണ് മുല്ലപ്പെരിയാറിൽ നിലവിലുള്ളത്. പാട്ടക്കരാറിന് പുറത്തുള്ള ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നായിരുന്നു തമിഴ്നാട് മന്ത്രി ഐ. പെരിയസാമിയുടെ പ്രഖ്യാപനം. തമിഴ്നാടിന്റെ സ്വപ്നം ഡിഎംകെ സർക്കാർ യാഥാർഥ്യമാക്കുമെന്നും പെരിയസാമി പറഞ്ഞിരുന്നു.