നിർമാണത്തിലിരുന്ന വീട്ടിൽനിന്നും ഇലക്ട്രിക് വയറുകൾ മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ
Tuesday, December 17, 2024 12:51 AM IST
വയനാട്: സുല്‍ത്താന്‍ബത്തേരി നൂല്‍പ്പുഴയിൽ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ.
അമ്പലവയല്‍ കോട്ടപറമ്പില്‍ വീട്ടില്‍ കെ.പി. സഹദ്(24)നെയാണ് നൂല്‍പ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കോളിയാടിയിലുള്ള വീട്ടില്‍ നിന്നുമാണ് ഡിസംബര്‍11ന് ഇയാള്‍ രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന വയറുകള്‍ മോഷ്ടിച്ചത്.
വീട്ടില്‍ സൂക്ഷിച്ച വയറുകളും വയറിംഗ് ചെയ്ത് വച്ച വയറുകളും ഇയാള്‍ കവര്‍ന്നു. തുടര്‍ന്ന് വയറിന്റെ പ്ലാസ്റ്റിക് ആവരണം കത്തിച്ചു കളഞ്ഞ ശേഷം കോപ്പര്‍ എടുത്ത് കടയില്‍ വില്‍ക്കുകയായിരുന്നു.
സംഭവം നടന്ന വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയുടെ സഹായത്തോടെയാണ് മോഷ്ടാവിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്.
എസ്ഐ ഇ.കെ. സന്തോഷ്കുമാര്‍, എഎസ്ഐ ഷിനോജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനു ജോസ്, പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.