ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; ഉത്തരവിറങ്ങി
Monday, December 16, 2024 11:01 PM IST
തിരുവനന്തപുരം: അര്‍ധ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിലാണ് അന്വേഷണം. സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിനെതിരെ താമരശേരി ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കെഎസ്യു നൽകിയ പരാതിയിലാണ് അന്വേഷണം.
എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനല്‍ ഉടമയുടെ മൊഴിയെടുക്കും. ആരോപണം ഉയര്‍ന്നതിനു പിന്നാലെ എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിന്റെ പ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചിരുന്നു.