മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് നൽകിയില്ല; ട്രൈബൽ പ്രമോട്ടറെ സസ്പെൻഡ് ചെയ്തു
Monday, December 16, 2024 8:02 PM IST
കൽപ്പറ്റ: വീട്ടമ്മയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിട്ടുനൽകാത്തതിൽ ട്രൈബൽ പ്രമോട്ടറെ സസ്പെൻഡ് ചെയ്തു. വയനാട് എടവക പള്ളിക്കൽ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ആംബുലൻസ് ലഭിക്കാത്തതിനാൽ ഓട്ടോറിക്ഷയിൽ കൊണ്ടുപോയത്.
ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ അറിയിച്ചിട്ടും മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നൽകിയില്ലെന്നാണ് പരാതി. സംഭവം വിവാദമായതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.
ഇന്ന് വൈകുന്നേരം നാലിനായിരുന്നു സംഭവം. മൃതദേഹം വീട്ടിൽ നിന്ന് ശ്മശാനത്തിലേക്ക് കൊണ്ടുപോകാനാണ് ആംബുലൻസ് ആവശ്യപ്പെട്ടത്. എന്നാൽ ആംബുലൻസ് ലഭ്യമല്ലെന്ന് പറഞ്ഞ് ട്രൈബൽ പ്രമോട്ടർ ഒഴിഞ്ഞു മാറുകയാണ് ചെയ്തതെന്ന് പ്രതിഷേധക്കാർ പറഞ്ഞു.