ഇന്ത്യാ വിരുദ്ധ നീക്കങ്ങൾ ശ്രീലങ്കയിൽ അനുവദിക്കില്ല: അനുര കുമാര ദിസനായകെ
Monday, December 16, 2024 7:43 PM IST
ന്യൂഡൽഹി: ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന ഒരു പ്രവൃത്തിയും ശ്രീലങ്കയിൽ അനുവദിക്കില്ലെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ദിസനായകെ നിർണായക പ്രഖ്യാപനം നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീലങ്കയിലേക്ക് ക്ഷണിച്ചതായും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിൽ തങ്ങളെ സഹായിച്ച ഇന്ത്യയോട് എക്കാലവും കടപ്പെട്ടിരിക്കുന്നുവെന്നും ഹൈദരാബാദ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ദിസനായകെ വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ മാനുഷിക പരിഗണന ഉണ്ടാകണമെന്ന് നരേന്ദ്ര മോദി ശ്രീലങ്കൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പു വച്ചു. ശ്രീലങ്കയിലേക്ക് പുതിയ ഫെറി സർവീസ് കൂടി തുടങ്ങാനും ധാരണയായി.
200 ശ്രീലങ്കൻ വിദ്യാർഥികൾക്ക് കൂടി ഇന്ത്യ സ്കോളർഷിപ്പ് നൽകും. 1500 ശ്രീലങ്കൻ ഉദ്യോഗസ്ഥർക്ക് ഇന്ത്യയിൽ പരിശീലനം നൽകുമെന്നും നരേന്ദ്ര മോദി അറിയിച്ചു. മൂന്നുദിവസത്തെ ഇന്ത്യാസന്ദർശനത്തിനായി ഞായറാഴ്ചയാണ് ദിസനായകെ ഇന്ത്യയിലെത്തിയത്.
രാഷ്ട്രപതി ദ്രൗപദി മുർമുവുമായും ദിസനായകെ കൂടിക്കാഴ്ച നടത്തി.