ചോദ്യപേപ്പര്‍ ചോര്‍ച്ച; ആറംഗ സമിതി അന്വേഷിക്കും
Monday, December 16, 2024 5:54 PM IST
തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. സംഭവത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി അന്വേഷിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രി നിർദേശം നൽകി.
എംഎസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിനെ കടുത്ത ഭാഷയിൽ വിമർശിച്ച മന്ത്രി അധ്യാപകരുടെ സ്വകാര്യ ട്യൂഷനെക്കുറിച്ച് അന്വേഷിക്കാനും ഉത്തരവിട്ടു. എംഎസ് സൊല്യൂഷൻസ് പരിധികളെല്ലാം ലംഘിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണ്.
സ്ഥാപനം മര്യാദയുടെ പരിധികൾ ലംഘിച്ചു. പരീക്ഷയുടെ വിശ്വാസ്യത തകർക്കുന്ന വിധത്തിൽ സ്ഥാപനം പ്രവർത്തിച്ചുവെന്നും മന്ത്രി വിമർശിച്ചു. ചോദ്യപേപ്പർ അച്ചടിച്ചത് സി ആപ്റ്റിലാണെന്നും ബിആർസികൾ വഴിയാണ് ചോദ്യപ്പേപ്പർ വിതരം ചെയ്തതെന്നും മന്ത്രി പറഞ്ഞു.
അർധവാർഷിക പരീക്ഷാ ചോദ്യപ്പേപ്പറുകൾ വളരെ നേരത്തേ സ്കൂളുകളിൽ എത്താറുണ്ട്. ഇത്തരം സംഭവം മേലിൽ ആവർത്തിക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.