ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവം; കുറ്റക്കാരോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് മുഖ്യമന്ത്രി
Monday, December 16, 2024 5:12 PM IST
തിരുവനന്തപുരം: മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ കുറ്റക്കാരോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പോലീസിന് നിർദേശം നൽകി.
കുറ്റവാളികൾക്കെതിരെ കർശന നടപടി അടിയന്തരമായി സ്വീകരിക്കാൻ വയനാട് ജില്ലാ പോലീസ് മേധാവിയോട് മന്ത്രി ഒ.ആർ. കേളു നിർദേശം നൽകിയിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി കർശന ശിക്ഷ നൽകുന്നതിനുമുള്ള എല്ലാ നടപടികളും സർക്കാർ ഇതിനകം സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
സംഭവത്തിൽ മാനന്തവാടി പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ മാതനെ വിദഗ്ധ ചികിത്സ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.