ചക്രവാതച്ചുഴിയും ന്യൂനമർദവും; അഞ്ചുദിവസം ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
Monday, December 16, 2024 3:04 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം, അടുത്ത അഞ്ചുദിവസത്തേക്കുള്ള കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മഴമുന്നറിയിപ്പ് നല്കിയിട്ടില്ല.
തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത രണ്ടുദിവസത്തിനുള്ളിൽ കൂടുതൽ ശക്തിപ്രാപിച്ച് തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കൂടാതെ, തെക്കുകിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുള്ളത്.
ശബരിമലയിലെ പ്രത്യേക കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ബുധനാഴ്ച വരെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തെക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ, തെക്ക് കിഴക്കൻ അറബിക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ചൊവ്വാഴ്ച തമിഴ്നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ബുധനാഴ്ച തമിഴ്നാട് തീരം അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ, തെക്കൻ ആന്ധ്രാപ്രദേശ് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
വ്യാഴാഴ്ച തമിഴ്നാട് തീരം അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ, തെക്കൻ ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.